എടപ്പാളിൽ നിന്നുള്ള പ്രവാസികളുടെ മത ,രാഷ്ട്രീയ നിലപാടുകൾക്കതീതമായ സൗഹൃദ കൂട്ടായ്മയയായ "ഇടപ്പാളയം ", മനുഷ്യത്വപരമായ കാഴ്ചപ്പാടുകളിലൂടേയും ഗൃഹാതുരുത്വമുണർത്തുന്ന വിശേഷങ്ങളും ഓർമ്മപ്പെടുത്തലുകളും നിരത്തി നിങ്ങളിലേക്കെത്തുന്നു.

പുനഃസൃഷ്‌ടിക്കാം നമുക്ക് നഷ്ടപെടുന്ന പുഞ്ചിരിയെ , സ്നേഹത്തെ , സഹാനുഭൂതിയെ ...

About Edappalayam

Edapal is a town in Malappuram district, Kerala state, India. Edapal is at a junction of two roads Thrissur-Kuttippuram and Palakkad-Ponnani state highways located 45 km from Malappuram.Edapal lies in two panchayaths (local body), Vattamkulam and Edappal. Edappal shares borders with Thuyyam, Polpakkara, Ayilakkadu, Vattamkulam, and Annakampadu.

Edapal got its name from the word "Edappalayam," meaning intermediate place, because Edapal was the intermediate resting place for the army of Zamorins on their journeys to conquer South Kerala.

പ്രവാസികൾ

പ്രവാസികൾ എന്നത് പണ്ട് മുതലേ ഒരു ചർച്ചാ വിഷയമാണ്. പ്രവാസികൾക്ക് എന്തൊക്കെ സമൂഹത്തിനു ചെയ്യാൻ സാധിക്കും എന്നത് എല്ലാകാലത്തും നമ്മുടെ സമൂഹത്തിൽ ഒരു വലിയ വിഷയവുമാണ്. പക്ഷെ തിരിച്ചു പ്രവാസികൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാം എന്നതും പ്രവാസികൾ എത്രത്തോളം വേദനകൾ അനുഭവിക്കുന്നു എന്നതും ഉറക്കെപ്പറയാനും  ബന്ധപ്പെട്ടവരിലെത്തിക്കാനും പ്രവാസികൾ തന്നെ ഉണ്ടാകുന്നില്ല എന്ന ഭീകരമായ അവസ്ഥയാണ് ഇന്നുള്ളത്. 

പ്രവാസികളുടെ എണ്ണം പോലെത്തന്നെ പ്രവാസികളുടെ സംഘടനകളുടെ എണ്ണത്തിലും ഒട്ടും കുറവില്ല. പക്ഷേ ഇവിടെയാണ് 'ഇടപ്പാളയം' എന്ന നാമത്തിൽ എടപ്പാൾ പ്രവാസികൾ ഒരു കൂട്ടായ്മക്ക് രൂപം കൊടുക്കുന്നത്. പ്രവാസിയുടെ പ്രവാസം എന്ന കാലചക്രത്തിലെ ഓരോ ഘട്ടത്തിലുമുള്ള ഇടപെടലും ഉന്നമനവുമാണ് സംഘടന ഉദ്ദേശിയ്ക്കുന്നത്.

ജോലി അന്വേഷിച്ചു സന്ദർശന വിസയിലെത്തുന്ന പ്രവാസിയുടെ ആദ്യ ഘട്ടം മുതൽ പ്രവാസം അവസാനിപ്പിച്ചു തിരിച്ചുപോകുന്നത് വരെയുള്ള അവസാന ഘട്ടം വരെ. 

ജോലി അന്വേഷിക്കുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, ജോലി നഷ്ടപ്പെട്ടാൽ പുതിയത് കണ്ടെത്തുന്നതിനുള്ള സഹായങ്ങൾ, ജോലിയ്ക്കയറ്റത്തിന് ആവശ്യമായ കരിയർ ഗൈഡൻസ്,   പ്രവാസികളുടെ കലാ സാംസ്കാരിക സാഹിത്യ കായിക കഴിവുകളുടെ കണ്ടെത്തലും പ്രോത്സാഹനവും, സാമ്പത്തിക ആസൂത്രണവും അച്ചടക്കവും  ഉദ്ദേശിച്ചുള്ള കൺസൾട്ടിങ് ക്ലാസുകൾ, ആരോഗ്യ സംരക്ഷണ ക്ലാസ്സുകൾ സംഘടിപ്പിക്കൽ, എടപ്പാൾ പ്രദേശത്തിന്റെ ചരിത്രവും, സാംസ്കാരികവുമായ പ്രത്യേകതകൾ, പ്രമുഖ വ്യക്തിത്വങ്ങൾ ഇത്യാദി കാര്യങ്ങൾ ഇവിടെ  വളരുന്ന കുട്ടികൾക്ക് പരിചയപ്പെടുത്തലും മറ്റും, ഗവണ്മെന്റ് തലങ്ങളിലുള്ള പ്രവാസി സംബന്ധ വിഷയങ്ങളിലും പദ്ധതികളിലും ഇടപെടലും സമ്മർദ്ദം ചെലുത്തലും  തുടങ്ങി ഒട്ടനവധി വിഷയങ്ങളാണ് ഇടപ്പാളയം ഏറ്റെടുക്കുന്നത്.

ഇടപ്പാളയത്തിൽ നമ്മൾ ഓരോ പ്രവാസിക്കും വലിയ പങ്കുണ്ട്. കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഷ്ടപ്പെടുക എന്നത് മാത്രമല്ല പ്രവാസി ജീവിക്കാൻ കൂടി അവകാശപ്പെട്ടവനാണ്. അത് തന്നെയാണ് ഇടപ്പാളയത്തിന്റെ മുഖ്യലക്ഷ്യം.  ഒരു വര്ഷത്തിലോ രണ്ട് വര്ഷം കൂടുമ്പോളോ ലഭിക്കുന്ന ചുരുങ്ങിയ അവധിക്കാലം മാത്രമല്ല പ്രവാസിക്ക് ആസ്വദിക്കേണ്ടത്. നമ്മുടെ ആയുസ്സിന്റെ ഓരോ ദിനങ്ങളും നമുക്കെന്നും ഓർക്കാനുള്ള നല്ല നിമിഷങ്ങളാവട്ടെ.

നമുക്കൊരുമിച്ചു നിൽക്കാം... ഒരു കൂട്ടമായി...

അനുയോജ്യമായ തൊഴിൽ

പട്ടിണി മാറ്റാൻ വന്ന ആദ്യകാല മലയാളി പ്രവാസിക്ക് എന്തും ചെയ്യാനുള്ള ധൈര്യം മാത്രമായിരുന്നു കൈമുതലായിട്ടുണ്ടായിരുന്നത്. ആദ്യ കാല പ്രവാസികളുടെ ഈ കഷ്ടപ്പാടിന്റെ പ്രതിഫലനമെന്നോണം ഇന്നത്തെ തലമുറ ജോലി അന്വേഷിക്കാൻ വരുന്നത് കയ്യിൽ ഒരു പിടി സർട്ടിഫിക്കറ്റുകളുമായാണ്. ദുഃഖകരമെന്നു പറയട്ടെ, ഭൂരിഭാഗം പ്രവാസികളുടെ കയ്യിലുള്ള സർട്ടിഫിക്കറ്റും ചെയ്യുന്ന ജോലിയും തമ്മിൽ അജഗജാന്തരമുണ്ട്. സിലബസിനപ്പുറം തൊഴിലന്വേഷണത്തിലോ തനതായുള്ള കഴിവുകൾക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിലോ ആവശ്യമായ മാർഗ്ഗദർശനം ഉദ്യോഗാർത്ഥികൾക്ക്‌ ലഭിക്കുന്നില്ല എന്നത് തന്നെയാണ് ഇതിനു കാരണം. പ്രവാസികളുടെ പ്രവാസ കാലഘട്ടത്തിലെ ഇടപെടലുകൾ ലക്‌ഷ്യം വച്ചുള്ള ഇടപ്പാളയത്തിന് തീർച്ചയായും ഈ മേഖലയിൽ, പ്രത്യേകിച്ചു പ്രവാസ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ വലിയ ഉത്തരവാദിത്വം തന്നെയാണു ഏറ്റെടുക്കാനുള്ളത് .

സന്ദർശന വിസയിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്ക്‌ ജോലിയിൽ മാർഗദർശനം കൊടുക്കുക എന്നത് പ്രായോഗികമല്ല എന്ന് തിരിച്ചറിഞ്ഞതിനാൽ സ്കൂൾ തലം മുതൽ നമ്മുടെ കുട്ടികൾക്ക് ഇത്തരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ഇടപ്പാളയം CAREER, PERSONALITY, SOCIAL COMMITMENT എന്ന വിഷയങ്ങളെ മുൻനിർത്തി ഒരു കാമ്പയിന് നാന്ദി കുറിക്കുകയാണ്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകട സാധ്യതാ ലഘൂകരണ തലവനായ ശ്രീ മുരളി തുമ്മാരുകുടി എഴുതിയ 'എന്ത് പഠിക്കണം എങ്ങനെ തൊഴിൽ നേടാം' എന്ന പുസ്തകം നമ്മുടെ നാട്ടിലെ ഹൈസ്കൂൾ-പ്ലസ്ടു തലങ്ങളിലുള്ള ലൈബ്രറിയിലേക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചിരിക്കുന്നു.

ഇതിന്റെ തുടർച്ചയെന്നോണം ഡിഗ്രി വിദ്യാർത്ഥികൾക്കും തൊഴിലധിഷ്ഠിത കോഴ്സ് പൂർത്തിയാക്കിയവർക്കും ഒരു കരിയർ വർക്ക്ഷോപ് സംഘടിപ്പിക്കുകയും ഇതിലൂടെ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നുകൊടുക്കുകയും തുടർന്ന് വിദേശങ്ങളിലേക്ക് തൊഴിതൊഴിലന്വേഷകരായി വരുന്നവർക്ക് അവരവരുടെ യോഗ്യതക്കനുസരിച്ച ജോലികൾ കണ്ടെത്താൻ പ്രൊഫഷണലുകളുടെ സഹായത്തോടെ ഇന്റർവ്യൂ അവസരമൊരുക്കുകയും ചെയ്യും. വ്യക്തിത്വ വികസനവും , സാമൂഹിക പ്രതിബദ്ധതയും , സ്‌കിൽ മാനേജ്മെന്റും എല്ലാ ഉദ്യോഗാർത്ഥികൾക്കും ഉണ്ടാകുന്നതിനാവശ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നതിന് ഇടപ്പാളയം സദാ സന്നദ്ധരായിരിക്കും .

ഇടപ്പാളയത്തിന്റെ ഈ ചുവടുവെയ്പ്പിനു നിങ്ങളോരോരുത്തരുടേയും ആത്മാർത്ഥ പിന്തുണ അത്യാവശ്യമാണ്. പ്രവാസത്തിന്റെ പുതിയ ഒരു അധ്യായം രചിക്കാൻ നമുക്കൊരുമിച്ചു നിൽക്കാം.

Edappal .

Email:

info@edappalayam.org ; careersupport@edappalayam.org